ദൈവത്തില്‍ ശരണംവച്ച് ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ കാണ്ടമാലുകാര്‍ തയ്യാര്‍


മുംബൈ: കാണ്ടമാലിലെ ഓരോ ക്രൈസ്തവനും വിശ്വാസത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണന്നും അവര്‍ക്കാര്‍ക്കും തെല്ലും ഭയമില്ലെന്നും കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ. ദൈവത്തില്‍ ശരണം വച്ച് ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ക്രൈസ്തവവിരുദ്ധകലാപമായ കാണ്ടമാല്‍ കലാപത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപകാരികള്‍ ജനങ്ങളെ ചുട്ടെരിച്ചു, വീടുകള്‍ അഗ്നിക്കിരയാക്കി. പക്ഷേ അപ്പോഴും പരിശുദ്ധാത്മാവാകുന്ന അഗ്നി അവരുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്നിരുന്നു, സഭയോടും ക്രിസ്തുവിനോടുമുളള സ്‌നേഹമായിരുന്നു അതില്‍.. അദ്ദേഹം പറഞ്ഞു.

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ക്രൈസ്തവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ക്രൈസ്തവരാണ് ആ കൊലപാതകം നടത്തിയത് എന്നായിരുന്നു ഹിന്ദുതീവ്രവാദികളുടെ ആരോപണം. എന്നാല്‍ പിന്നീട് മാവോയിസ്റ്റ് ഗറില്ലകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയുണ്ടായി.

കാണ്ടമാല്‍ കലാപത്തില്‍ അയ്യായിരത്തോളം പേര്‍ ഭവനരഹിതരായി. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. മുന്നൂറ് ദേവാലയങ്ങളും ആറായിരത്തോളം വീടുകളും നശിപ്പിക്കപ്പെട്ടു.

അക്രമികളെ ഭയന്ന് വനത്തിലേക്ക് ഓടിപ്പോയ പലരും പാമ്പുകടിച്ചും വിശന്നും മരിച്ചുവീഴുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.