കുടിയേറ്റക്കാര്‍ മനുഷ്യരാണ്, സാമൂഹ്യപ്രശ്‌നം മാത്രമല്ല

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കു നേരെയുള്ള എല്ലാത്തരം അനീതികളും വിവേചനങ്ങളും അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാര്‍ വ്യക്തികളാണ്, മനുഷ്യരാണ്. അവര്‍ വെറും സാമൂഹികപ്രശ്‌നം മാത്രമല്ല.

ഇന്നത്തെ ആഗോള സമൂഹത്തില്‍ പുറംതള്ളപ്പെട്ടവരുടെ പ്രതിനിധിയാണ് കുടിയേറ്റക്കാര്‍. കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രത്യേകമായി അര്‍പ്പിച്ച ദിവ്യബലിയില്‍ വചന സന്ദേശം നല്കുകയായിരുന്നു പാപ്പ. എല്ലാറ്റിനും മീതെയായി ദൈവത്തില്‍ ശരണം വയ്ക്കുക. ലോകത്തിലെ തീരെ ചെറിയ വസ്തുക്കളില്‍ ആശ്രയം കണ്ടെത്താതിരിക്കുക.. ദൈവമാണ് നമ്മുടെ അഭയകേന്ദ്രവും ശക്തിയും . ദൈവമാണ് നമ്മുടെ പരിച. ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാവൂ.യാക്കോബിന്റെ കോവണിയെ പരാമര്‍ശിച്ചുകൊണ്ട് സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചു. എല്ലാവര്‍ക്കും എല്ലാം സ്വീകരിക്കാന്‍ കഴിയും എന്നതിന്റെ ഉറപ്പാണ് അത്.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ലാമ്പെദൂസ എന്ന തുറമുഖനഗരത്തിലേക്ക് ആദ്യമായി നടത്തിയ യാത്രയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് യൂറോപ്പിലേക്ക് പ്രവേശിക്കാനുള്ള ആദ്യത്തെ തുറമുഖമാണ് ലാമ്പദൂസ.

ദശാബ്ദങ്ങളായി ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇരുപതിനായിരത്തോളം ആളുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ മരിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.