മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല: സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ

ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു മരവിപ്പിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സന്യാസിനിസമൂഹം. വിദേശ സംഭാവന ലഭിക്കുന്നതിനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ലൈസന്‍സ് റദ്ദാക്കുകയോ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ അറിയിച്ചു.

എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതു വരെ വിദേശ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് മിഷനറിസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങള്‍ക്ക് തങ്ങള്‍ തന്നെ നിര്‍ദ്ദേശം നല്കിയതാണെന്നും സിസ്റ്റര്‍ പ്രേമ അറിയിച്ചു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മിഷനറിസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു മരവിപ്പിച്ചിട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.