നൈജീരിയ: തോക്കിന്‍മുനയില്‍ നിര്‍ത്തി ആറു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും സ്‌കൂള്‍ സ്റ്റാഫിനെയും ഫുലാനി ഹെര്‍ഡ്‌സ്‌മെന്‍ തട്ടിക്കൊണ്ടുപോയി. ആറു വിദ്യാര്‍ത്ഥിനികളും കൗമാരക്കാരാണ്. മോണിംങ് സാറ്റാര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍, ഹൗസ് മിസ്ട്രസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവരിലെ മറ്റ് വ്യക്തികള്‍.
സ്‌കൂള്‍ ജോലിക്കാരും മറ്റ് വിദ്യാര്‍ത്ഥികളും കുറ്റിക്കാട്ടില്‍ ഒളിച്ചു രക്ഷപ്പെടുകയായിരുന്നു. ഒക്ടോബര്‍ രണ്ടിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. പ്രദേശത്ത് ക്രൈസ്തവര്‍ക്ക് നേരെ ഫുലാനികള്‍ വ്യാപകമായ അക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
മോചനദ്രവ്യം ആവശ്യപ്പെട്ടാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. 2014 ല്‍ ബോക്കോ ഹാരം 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. 2015 മുതല്‍ നൈജീരിയായില്‍ നടന്ന പതിനായിരക്കണക്കിന് മരണങ്ങള്‍ക്ക് പിന്നിലുള്ളത് ഫുലാനികളാണെന്നാണ് കരുതപ്പെടുന്നത്.
ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ക്രൈസ്തവര്‍ക്ക് നേരെ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനമാണ് നൈജീരിയായ്ക്കുള്ളത്.