തെറ്റായ അറസ്റ്റ്; തെരുവിലെ സുവിശേഷപ്രഘോഷകന് പോലീസിന്റെ നഷ്ടപരിഹാരം

ലണ്ടന്‍: തെരുവില്‍ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത ഒലുവോല ഇല്ലെസ്‌നാമിക്ക് ഒടുവില്‍ പോലീസിന്റെ വക നഷ്ടപരിഹാരം. അപമര്യാദയായി പെരുമാറിയതിനും അപമാനിച്ചതിനുമാണ് സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് നഷ്ടപരിഹാരം നല്കാന്‍ തയ്യാറായത്. 2500 പൗണ്ടാണ് ഇതുവഴി ലഭിക്കുന്നത്.

2010 ല്‍ ലണ്ടനിലെത്തിയ പ്രൊട്ടസ്റ്റന്റ് മിഷനറിയാണ് നൈജീരിയാക്കാരനായ ഒലുവോല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നോര്‍ത്ത് ലണ്ടന്‍ ്‌ട്രെയിന്‍ സ്‌റ്റേഷന് സമീപം സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇസ്ലാമോഫോബിയായെക്കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചിരുന്നത്. അപ്പോള്‍ രണ്ടു പോലീസുകാര്‍ ഒലുവോലയുടെ സമീപത്തെത്തുകയും പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അത് വിസമ്മതിച്ചു. തുടര്‍ന്ന് ബലംപ്രയോഗിച്ച് ബൈബിള്‍ കൈവശപ്പെടുത്തുകയും വിലങ്ങുവയ്ക്കുകയുമായിരുന്നു.

ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. അവര്‍ എന്റെ കൈയില്‍ നിന്ന് ബൈബിള്‍ പിടിച്ചുവാങ്ങി പോലീസ് കാറിലേക്ക് വലിച്ചെറിഞ്ഞത് എന്നെ സങ്കടപ്പെടുത്തി. പ്രസംഗിക്കുന്നതിന് ഇവിടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണോ? ഒലുവോല മാധ്യമങ്ങളോട് ചോദിച്ചു.

ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നതായ സംഭവങ്ങള്‍ ഒരു സ്ത്രീ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് പിന്നീട് വൈറലായി. 38,000 പേരാണ് ഇദ്ദേഹത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പെറ്റീഷനില്‍ ഒപ്പുവച്ചത്. തുടര്‍ന്നാണ് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പോലീസ് നഷ്ടപരിഹാരവുമായി രംഗത്തെത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.