കൃപാസനം പത്രവിവാദം, ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാലച്ചന്‍റെ പ്രസംഗം – എന്നിവയോട് ബന്ധപ്പെട്ട് പല ചോദ്യങ്ങളും അഭിമുഖീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.
എല്ലാ വ്യാഖ്യാനങ്ങളും എല്ലാ പ്രസംഗങ്ങളും എല്ലാ എഴുത്തുകളും എല്ലാ പത്രങ്ങളും ശരിയാണെന്ന ചിന്തയില്‍ മുന്പോട്ടു പോകുന്പോഴുള്ള ചില അപകടങ്ങള്‍ ഉണ്ട്. ഏതാനും ചിലത് ഇവയാണ്: – ഓരോ ആശയത്തിനും/പ്രസ്ഥാനത്തിനും/വ്യക്തിക്കും വേണ്ടി വാദിക്കാനും മരിക്കാനും തയ്യാറാകുന്ന ന്യൂനപക്ഷം- മേല്‍പ്പറഞ്ഞവയിലൂടെ പ്രചരിക്കുന്ന യുക്തിരഹിതമായ ആശയങ്ങളുടെ പേരില്‍ ആക്രമണം നേരിടേണ്ടി വരുന്ന തിരുസ്സഭ- കത്തോലിക്കാവിശ്വാസം പ്രകടനങ്ങളിലധിഷ്ഠിതമാണെന്ന് തെറ്റിദ്ധരിക്കുന്ന സാമാന്യജനം- നിരീശ്വരവാദികളിലും യുക്തിവാദികളിലും രൂപപ്പെടുന്ന കത്തോലിക്കാ വിശ്വാസത്തില്‍ കഴന്പില്ലെന്ന ധാരണ
ആയതിനാല്‍, തലക്കെട്ടിലെ ചോദ്യത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന ഉത്തരം ശ്രദ്ധിക്കുക:”കര്‍ത്താവ് തന്‍റെ വിശുദ്ധരില്‍ ഒരാളിലൂടെ നമ്മോടു പറയാന്‍ ആഗ്രഹിക്കുന്ന സന്ദേശം തിരിച്ചറിയാന്‍ നമ്മള്‍ സൂക്ഷ്മാംശങ്ങളില്‍ കുടുങ്ങേണ്ടതില്ല. എന്തെന്നാല്‍ അവിടെ നാം തെറ്റുകളെയും പരാജയങ്ങളെയും കണ്ടുമുട്ടിയെന്നു വരും. വിശുദ്ധര്‍ പറയുന്ന എല്ലാക്കാര്യങ്ങളും സുവിശേഷത്തോടു പൂര്‍ണവിശ്വസ്തത പുലര്‍ത്തുന്നതായിരിക്കണമെന്നില്ല. അവര്‍ ചെയ്യുന്നതെല്ലാം സംശുദ്ധമോ സന്പൂര്‍ണ്ണമോ ആകണമെന്നുമില്ല. നമ്മള്‍ ധ്യാനിക്കേണ്ടത് അവരുടെ ജീവിതത്തിന്‍റെ ആകെത്തുകയെപ്പറ്റിയാണ്.” (Gaudete et Exsultate, 22)
കൃപാസനം പത്രത്തില്‍ പറയുന്നതും ഡൊമിനിക്കച്ചന്‍ പറയുന്നതും വൈദികര്‍ പ്രസംഗിക്കുന്നതും (ഞാന്‍ എഴുതുന്നതും) എല്ലാമൊന്നും സുവിശേഷത്തോടു പൂര്‍ണ്ണവിശ്വസ്തത പുലര്‍ത്തുന്നവ ആയിക്കൊള്ളണമെന്നില്ല. ധ്യാനകേന്ദ്രങ്ങളും ഇടവകപ്രസംഗങ്ങളും ആധികാരികമായ സഭാപ്രബോധനങ്ങള്‍ മാത്രമാണ് നല്കുന്നതെന്ന് കരുതുകയും വേണ്ട. 100 ശതമാനം സത്യസന്ധമായ സഭാപ്രബോധനങ്ങളും കത്തോലിക്കാവിശ്വാസവും ആവശ്യമുള്ളവര്‍ അത്തരം പ്രബോധനങ്ങള്‍ ഉള്ളടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളും മറ്റുറവിടങ്ങളും പ്രയോജനപ്പെടുത്തുകയും പഠനപൂര്‍വ്വകവും ധ്യാനാത്മകവുമായി അവയെ സമീപിക്കുകയുമാണ് വേണ്ടത്.
അതേസമയം, എല്ലാത്തിലും പൂര്‍ണ്ണമല്ലെങ്കിലും, തെറ്റുകളുണ്ടെങ്കിലും പത്രമായാലും പ്രസംഗമായാലും ആത്മീയതയില്‍ വളരാനാഗ്രഹിക്കുന്നവര്‍ക്ക് അവ ഉപയോഗപ്പെടുത്താവുന്നതും അവയില്‍ നിന്ന് പ്രചോദനം സ്വീകരിക്കുകയും ചെയ്യാവുന്നതുമാണ്. മാനുഷികമായ അറിവിന്‍റെയും ധാരണകളുടെയും പരിമിതികളില്‍ നിന്നുകൊണ്ടാണ് എല്ലാവരും ദൈവികകാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് (God talk). ആ പരിമിതികള്‍ മൂലമുണ്ടാകാവുന്ന കുറവുകളും അപൂര്‍ണ്ണതകളും വ്യക്തിപരമായ വിശ്വാസബോധ്യങ്ങളാലും അറിവുകളാലും പരിഹരിക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയുകയും വേണം.
അപ്രമാദിത്വം മാര്‍പാപ്പക്ക് മാത്രം (അതും എല്ലാക്കാര്യങ്ങളിലുമല്ല)
അപ്രമാദിത്വം അഥവാ തെറ്റാവരം (Infallibility) ഉള്ളത് പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പക്ക് മാത്രമാണ്. അതും എല്ലാക്കാര്യങ്ങളിലുമില്ല താനും.
സാര്‍വ്വത്രികസഭയുടെ തലവനെന്ന നിലയില്‍ എല്ലാ മെത്രാന്മാരോടുമുള്ള കൂട്ടായ്മയില്‍ വിശ്വാസത്തെയും ധാര്‍മ്മികതയെയും കുറിച്ച് പഠിപ്പിക്കുന്പോള്‍ മാത്രമാണ് മാര്‍പാപ്പക്ക് അപ്രമാദിത്വമുള്ളത് എന്നാണ് സഭ പഠിപ്പിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ വിശ്വാസത്തെയും ധാര്‍മ്മികതയെയും ആത്മീയതയെയും കുറിച്ചുള്ള ഇതര പ്രഭാഷണങ്ങളിലും പ്രചരണങ്ങളിലും വരുന്ന വീഴ്ചകളെ നാം കത്തോലിക്കാസഭയുടെ വിശ്വാസത്തിന്‍റെയും പ്രബോധനങ്ങളുടെയും വീഴ്ചകളായി പരിഗണിക്കേണ്ടതില്ല.
നമുക്ക് ചെയ്യാവുന്നത്
–
വ്യക്തികളോ പ്രസ്ഥാനങ്ങളോ അശ്രദ്ധ മൂലമോ അബദ്ധധാരണകള്‍ മൂലമോ വരുത്തുന്ന അബദ്ധങ്ങളെ അവധാനതയോടെ സമീപിക്കുകയും ക്രിസ്തീയമായ രീതിയില്‍ അവരെ അക്കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക. – ചിലപ്പോള്‍ പ്രബോധനങ്ങള്‍ ശരിയായി അറിയാമെങ്കിലും വ്യാഖ്യാനത്തില്‍ തെറ്റുവരാനുള്ള സാദ്ധ്യതകളുണ്ട്. അതിനാല്‍ ആശയങ്ങള്‍ രൂപപ്പെടുത്തുന്നവരോട് സംസാരിച്ച് തെറ്റിദ്ധാരണ അകറ്റാന്‍ ആവശ്യപ്പെടാം. – പ്രസ്തുത വിഷയത്തില്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ ശരിയായ വ്യാഖ്യാനം, മതബോധനഗ്രന്ഥം, സഭാപ്രബോധനങ്ങള്‍ എന്നിവ എന്തു പറയുന്നുവെന്ന് പരിശോധിക്കുക. അവയുടെ അടിസ്ഥാനത്തില്‍ ലേഖനങ്ങള്‍ തയ്യാറാക്കുകയും ആശയക്കുഴപ്പത്തിലായിരിക്കുന്നവര്‍ക്ക് നല്കുകയും ചെയ്യുക. (എല്ലാം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്) – വൈദികരുടെയും സഭാപ്രസിദ്ധീകരണങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകാവുന്ന വീഴ്ചകളെ സംയമനത്തോടെ സമീപിക്കുകയും തിരുത്തലുകള്‍ ആവശ്യമായ മേഖലകള്‍ ബന്ധപ്പെട്ട വ്യക്തികളെ ബോദ്ധ്യപ്പെടുത്തുകയും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കില്‍ പ്രസ്തുത വ്യക്തികളുടെ മേലധികാരികളെ സമീപിക്കുകയും ചെയ്യുക. (ഓരോന്നും കാണുന്പോള്‍ത്തന്നെ അവക്കെതിരേയുള്ള പബ്ലിക്കായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ക്രിസ്തീയമായ ശൈലിയല്ല)
സമാപനം
വിശുദ്ധര്‍ക്കുപോലും – അടുത്ത് പരിശോധിക്കുന്പോള്‍ – അവരുടെ വിശ്വാസവ്യാഖ്യാനങ്ങളില്‍ തെറ്റുകളും പരാജയങ്ങളുമുണ്ടാകാമെന്ന് തിരുസ്സഭ നമ്മെ ഓര്‍മ്മിപ്പിക്കുന്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ അവ എത്രയോ അധികമായി ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ബുദ്ധിയെയും ആലോചനയെയും നേര്‍വഴിക്ക് നയിക്കുന്ന പരിശുദ്ധാത്മാവിന്‍റെ വഴിനടത്തലിനായി ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥിക്കാം. “ഞാന്‍ വായ് തുറക്കുന്പോള്‍ എനിക്ക് വചനം ലഭിക്കാനും സുവിശേഷത്തിന്‍റെ രഹസ്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (എഫേ. 6,19) എന്ന് പൗലോസ് അപ്പസ്തോലന്‍ എഴുതുന്നത് ദൈവസഹായമില്ലാതെ ദൈവികരഹസ്യങ്ങളെ ശരിയായി വ്യാഖ്യാനിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന് അറിയാവുന്നതുകൊണ്ടാണ്. ആത്മീയമായ ശുശ്രൂഷകളെ ആദരവോടെ സമീപിക്കുന്നതോടൊപ്പം തന്നെ അവയുടെ ഉള്ളടക്കത്തെ ഗൗരവബുദ്ധിയോടെ വിലയിരുത്താനും ശരിതെറ്റുകളെ വിവേചിക്കാനും അതുവഴി സത്യവിശ്വാസത്തെ ബലപ്പെടുത്താനും നാം ഉത്സുകരായിരിക്കണം.
വചനപ്രഘോഷണമേഖലയില്‍ നിന്ന് വഴിതെറ്റിപ്പോയി വിഘടിതസഭകളെ രൂപീകരിച്ച എല്ലാ വചനപ്രഘോഷകരും കേരളകത്തോലിക്കാസഭക്ക് ഇത്തരുണത്തില്‍ ഗൗരവതരമായ ഒരോര്‍മ്മപ്പെടുത്തലാണ്.
Noble Thomas Parackal ( വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയത്)