സത്യത്തിന് സാക്ഷ്യമേകാന്‍ ഷെക്കെയ്‌ന ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചു


തൃശൂര്‍:വാര്‍ത്തകളിലെ സത്യം ലോകത്തോട് പ്രഘോഷിക്കാനായി ഷെക്കെയ്‌ന ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചു. ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഇന്നലെ വൈകുന്നേരം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തതോടെയാണ് ഷെക്കെയ്‌ന ടെലിവിഷന് തുടക്കമായത്.

സുപ്രീം കോടതി റിട്ട ജസ്റ്റീസ് കുര്യന്‍ ജോസഫ് ഷെക്കെയ്‌ന ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ടെലിവിഷന്റെ ലോഗോ ആനിമേഷനും ലോഗോയുടെ പശ്ചാത്തല സംഗീതവും പ്രകാശനം ചെയ്തു. ഷെക്കെയ്‌ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‌റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലാണ് ന്യൂസ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി, ബിഷപ് ടോണി നീലങ്കാവില്‍, ബിഷപ് ഡോ. അലക്‌സ് വടക്കുംതല,ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തറ തുടങ്ങിയവര്‍ വേദി പങ്കിട്ടു.

ഷെക്കെയ്‌ന മിനിസ്ട്രിയുടെ അമരക്കാരന്‍ ബ്ര. സന്തോഷ് കരുമത്രയാണ് ഷെക്കെയ്‌ന ടെലിവിഷന്റെ മാനേജിംങ് ഡയറക്ടര്‍. ജനങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് ഷെക്കെയ്‌ന ടെലിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ മൂലധനം സമാഹരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്നത്.

മൂന്നു മാസത്തിനുള്ളില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയപ്രോഗ്രാമുകളുമടക്കം മുഴുവന്‍ സമയ പരിപാടികള്‍ ഷെക്കെയ്‌ന ടെലിവിഷന്‍ സംപ്രേഷണം ആരംഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.