കുറുക്കുവഴിയിലെ അപകടങ്ങൾ

യുകെ സമൂഹത്തെ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളെയും ലോകം മുഴുവനെത്തന്നെയും ഞെട്ടിച്ച സംഭവമായിരുന്നു,  ലണ്ടനടുത്ത് ഗ്രേയ്സിൽ 39 പേരുടെ ചലനമറ്റ ശരീരങ്ങളുമായി ഒരു കണ്ടൈനർ ലോറി കാണപ്പെട്ടത്. ഈ സംഭവുമായി ദുരൂഹതകൾ ഇനിയും ചിരുളഴിയാനിരിക്കുമ്പോൾ ചോദ്യങ്ങൾ ഏറെ ബാക്കിയാണ്: മരണപ്പെട്ടവരുടെ പൗരത്വം, ഇവർ എവിടെ നിന്ന് വന്നു?, എന്തായിരുന്നു യാത്രാലക്ഷ്യം?, ആരാണ്/ എന്താണ് മരണ കാരണം?… ചോദ്യങ്ങളും സംശയങ്ങളും ഉത്തരം കിട്ടാതവശേഷിക്കുന്നു. സാവധാനം ഓരോന്നും വെളിപ്പെട്ടുവരുമെന്നു കരുതാം. 

ബൾഗേറിയയിൽ നിന്നാണ് ലോറി യാത്ര പുറപ്പെട്ടതെങ്കിലും കണ്ടയ്നറിനുള്ളിൽ ഉണ്ടായിരുന്നത് വിയറ്റ്നാംകാരാണെന്നും യൂറോപ്പിൽ ജോലിചെയ്യാനായി അധികാരികളുടെ കണ്ണുവെട്ടിച്ചു വളഞ്ഞവഴിയിലൂടെ ഇവിടേക്കെത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും മാധ്യമങ്ങളും പോലീസ് അധികാരികളും പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നു. ജീവിതം ഒരു കരയ്ക്കടുപ്പിക്കാനും ജോലിചെയ്തു സാമ്പത്തികഭദ്രത ഉറപ്പുവരുത്താനുമുള്ള നല്ല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നപ്പോഴും അതിനു തിരഞ്ഞെടുത്ത വഴിയിലെ സത്യമില്ലായ്മയാണ് ഈ 39 ജീവനുകൾ അകാലത്തിൽ പൊലിയാനിടയാക്കിയത്.

ലക്‌ഷ്യം മാത്രം സദുദ്ദേശപരമായിരുന്നാൽ പോരാ, അതിനു തിരഞ്ഞെടുക്കുന്ന വഴികളും സത്യസന്ധവും നിയമാനുസൃതവുമായിരിക്കണം എന്ന പ്രധാന ജീവിത പാഠമാണ് ഇവിടെ ഒരിക്കൽക്കൂടി ഓർമ്മിക്കപ്പെടുന്നത്. എങ്ങനെയെങ്കിലും ചില നേട്ടങ്ങൾ നേടിയെടുക്കുന്നതിലല്ല, അതിനു നിർദ്ദേശിച്ചിരിക്കുന്ന വഴികളിലൂടെ നേടുന്ന നേട്ടത്തിനാണ് വിലയുള്ളത്. ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെൻറ്’ എന്ന സിനിമയിൽ, വളഞ്ഞ വഴിയിലൂടെ പദ്‌മശ്രീ നേടിയെടുക്കാൻ ശ്രമിക്കുന്ന സി. ഇ. ഫ്രാൻസിസ് എന്ന കഥാപാത്രത്തെ, തന്ത്രത്തിൽ ഇത് നേടിയെടുക്കുന്നതിന്റെ അപാകതയെ തിരുത്തിക്കൊണ്ടു മറ്റൊരു കഥാപാത്രം പറയുന്നു: “ഇത് അദ്ധ്വാനിച്ചു നേടിയെടുക്കുന്നതും മറ്റു വഴികളിലൂടെ നേടുന്നതും തമ്മിലുള്ള വ്യതാസമിതാണ്: അദ്ധ്വാനിച്ചു ജോലി ചെയ്തു കയ്യിൽ പണം കിട്ടുമ്പോൾ മനസ്സിൽ ഒരു സന്തോഷമുണ്ടാകും; വല്ലവരുടെയും കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ചെടുക്കുമ്പോൾ അത് കയ്യിലിരിക്കുന്ന കാലത്തോളം മനസ്സിന് ഒരു ഭയമുണ്ടാകും.” ലക്‌ഷ്യം സത്യസന്ധമായിരിക്കുന്നതുപോലെ അതിലേക്കെത്തുന്ന വഴികളും സത്യസന്ധമായിരിക്കെണ്ടാതുണ്ട്. പണവും, പ്രശസ്തിയും അധികാരവും മറ്റു നേട്ടങ്ങളുമെല്ലാം സത്യസന്ധമായ വഴികളിലൂടെയാകുമ്പോഴേ അതിനെ അനുഗ്രഹിച്ചു വിജയത്തിലേക്കെത്തിക്കുന്ന ദൈവാനുഗ്രഹവും കൂട്ടിനുണ്ടാവൂ. 
‘റിസ്ക് എടുക്കാൻ തയ്യാറായാലേ ജീവിതത്തിൽ വിജയമുണ്ടാകൂ’ എന്ന കാഴ്ചപ്പാടിനെ തെറ്റായ രീതിയിൽ മനസ്സിലാക്കിയതും ഈ കണ്ടൈനർ ദുരന്തന്തിലേക്കു ഇവരെ നയിച്ചിരിക്കാം. റിസ്ക് എടുക്കാൻ തയാറാവുക എന്നതിനർത്ഥം വിവേകത്തിന്റെയും സാമാന്യബോധത്തിന്റെയും തലങ്ങളെ പാടേ മറക്കുക എന്നല്ല. ഓരോ പ്രവൃത്തിയിലും ‘പ്രാവുകളെപ്പോലെ നിഷ്കളങ്കരായിരിക്കാൻ പറയുന്ന ദൈവം തന്നെ, സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കാനും’ ഓർമ്മിപ്പിക്കുന്നു. സന്ധ്യമയങ്ങുന്ന നേരത്ത്, വഴിയിൽ ഒരു പാമ്പ് വഴിയിൽ കിടന്നാൽ, അകലെനിന്ന് ഒരാൾ വരുന്ന കാൽപ്പെരുമാറ്റം മനസ്സിലാക്കുമ്പോൾ തന്നെ അവിടെനിന്നു സ്വയം മാറിക്കിടക്കുമെന്നു പറയപ്പെടുന്നു. താൻ, മനുഷ്യർ നടക്കുന്ന വഴിയിൽ കിടന്നാൽ, അവർ അറിയാതെ തന്നെ ചവിട്ടുമെന്നും അതിന്റെ വേദനയിൽ താൻ അവരുടെ കാലിൽ കൊത്തി പരിക്കേൽപ്പിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ ആ മനുഷ്യൻ തന്നെ തല്ലിക്കൊല്ലുമെന്നും മനസ്സിലാക്കുന്ന പാമ്പ്, അതിനൊന്നും ഇടവരുത്താതെ സ്വയം ആ വഴിയിൽ നിന്ന്, അപകടം മുൻകൂട്ടിക്കണ്ട് മാറാൻ തയ്യാറാക്കുന്നതാണ് പാമ്പിന്റെ വിവേകങ്ങളിലൊന്നായി പറയപ്പെടുന്നത്. ഈ വിവേകവും ബുദ്ധിയും ഉപയോഗിക്കാതെ അനാവശ്യ റിസ്ക് എടുത്തു മുൻപോട്ടു പോകുന്നവർ സ്വയം നാശം വരുത്തിവയ്ക്കാൻ സാധ്യതയേറെയാണ് – ഒരു പക്ഷേ, ഈ ട്രക്ക് ദുരന്തം പോലെ. 

അപൂർവം അവസരങ്ങളിൽ ഇത്തരം അപകടങ്ങളിൽപെടാതെ രക്ഷപെട്ടുപോയവരുടെ കഥകളാവാം ഈ പാവങ്ങളെയും ഇത്തരമൊരു സാഹസത്തിനു പ്രേരിപ്പിച്ചത്. തങ്ങളും ഒരു തടസ്സങ്ങളിലും പെടാതെ രക്ഷപെട്ടുപോകുന്നവരാകുമെന്നു ഈ പാവങ്ങളും വിശ്വസിച്ചിരിക്കാം. ഇത്തരം ഊഹക്കച്ചവടങ്ങൾ പലപ്പോഴും പാളിപ്പോകാറാണ് സാധ്യത – കാരണം, ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെടാത്തതിനാൽ എവിടെയെങ്കിലും പിടിക്കപ്പെടാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെ. 

ജീവിതത്തിൽ സത്യസന്ധമായ ലക്ഷ്യങ്ങളും വഴികളുമുള്ള എല്ലാവരെയും ദൈവാനുഗ്രഹവും തേടിവരട്ടെയെന്ന ആശംസയോടെ, ശ്വാസം പോലും കഴിക്കാനാകാതെ ഒരു കണ്ടയ്നറിലെ നാല് ഭിത്തിക്കുള്ളിൽ പിടഞ്ഞുമരിച്ച ഹതഭാഗ്യരായ ആ 39 പേർക്കും ദൈവം സമാധാനത്തിന്റെ വിശ്രമസ്ഥലം നല്കട്ടെയെന്ന പ്രാർത്ഥനയോടെ, അനുഗ്രഹവും ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു നല്ല ആഴ്ച ഏവർക്കും സ്നേഹപൂർവ്വം ആശംസിക്കുന്നു.

ശുഭദിനാശംസകൾ, 
ഫാ. ബിജു കുന്നയ്ക്കാട്ട് 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.