സ്പാനീഷ് ആഭ്യന്തരയുദ്ധകാലത്തെ നാലു രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയില്‍

സ്‌പെയ്ന്‍: സ്‌പെയ്‌നില്‍ നടന്ന ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട നാലു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കാറ്റലോണിയായിലെ ടോര്‍ട്ടോസ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മധ്യേ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ മാഴ്‌സെല്ലോ സെമെറാറോയാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടത്തിയത്.

ഫ്രാന്‍സിസ്‌ക്കോ കാസ്റ്റര്‍ സോജോ ലോപ്പെസ് ഉള്‍പ്പടെ നാലുപേരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. സഹനങ്ങളില്‍ നിന്ന് ഓടിയൊളിക്കാതെ അതിനെ സ്‌നേഹത്തോടെ ആലിംഗനം ചെയ്തവരാണ് ഇവരെന്ന് തിരുവചനസന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. ദൈവത്തില്‍ ശരണം വച്ചുകൊണ്ട് തങ്ങളെ കൊലപ്പെടുത്തിയവരോട് സ്‌നേഹപൂര്‍വ്വം ക്ഷമിക്കാനും ഇവര്‍ക്ക് സാധിച്ചു. അദ്ദേഹം പറഞ്ഞു. 1936 നും 1939 നും ഇടയില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ അരമില്യനോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ക്രൈസ്തവവിരുദ്ധവും വൈദികവിരുദ്ധവുമായിരുന്നു കലാപം. 13 മെത്രാന്മാരും 4,172 രൂപതാ വൈദികരും സെമിനാരിക്കാരും 2,364 സന്യാസികളും 283 സന്യാസിനികളും ഈ യുദ്ധത്തില്‍ ഇരകളായിട്ടുണ്ട്. രണ്ടായിരത്തോളം രക്തസാക്ഷികളില്‍ 11 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുമുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.