ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം;കത്തോലിക്കാ വൈദികനും ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍

ന്യൂഡല്‍ഹി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട് കത്തോലിക്കാ വൈദികനെയും ഹോസ്റ്റല്‍ വാര്‍ഡനെയും പോലീസ് അറസ്റ്റ് ചെയ്തു. ഫാ. ലാന്‍സി ഡിസൂസയെയും വാര്‍ഡന്‍ ഹലാമിനെയുമാണ് ഒക്ടോബര്‍ മുപ്പതുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്.

ഒക്ടോബര്‍ 21 നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് ത്രിപുര യൂനാക്കോറ്റി ജില്ലയിലെ സെന്റ് പോള്‍സ് പാരീഷ് ഇടവക വികാരിയാണ് ഹോളി ക്രോസ് സഭാംഗമായ ഫാ. ഡിസൂസ. പള്ളിയോട് അനുബന്ധിച്ചുള്ള സെന്റ് പോള്‍സ് ഹോസ്റ്റലിലിന്റെ വാര്‍ഡനാണ് ഹലാം. ഈ ഹോസ്റ്റലിലെ ഒമ്പതാം ക്ലാസുകാരനായ ഹാപ്പി ഡെബാര്‍മ്മയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ വൈദികനും വാര്‍ഡനും കുറ്റക്കാരാണെന്ന് ആരോപിച്ച് അമ്മ നല്കിയ പരാതിയിന്മേലാണ് അറസ്റ്റ് നടന്നത്.

എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും സഭയ്ക്ക് നേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നും ഫാ. ഡിസൂസ ആരോപിച്ചു. പ്രകൃത്യാ തന്നെ ദുര്‍ബലനും രോഗിയുമായിരുന്നു ഹാപ്പിയെന്നും പൂജ അവധിദിനങ്ങളില്‍ കുട്ടി വീട്ടില്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ ദിവസങ്ങളില്‍ കുട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോ പോള്‍ കുട്ടിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വിളര്‍ച്ചയാണ് രോഗകാരണമെന്നും പേടിക്കാനൊന്നുമി്‌ല്ലെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍തന്നെ അറിയിച്ചതെന്ന് ഫാ. ജോ പോള്‍ പറയുന്നു.

എന്നാല്‍ ഇതിന് മുമ്പ് ഹലാം കുട്ടിയെ മര്‍ദ്ദിച്ചതായുള്ള ആരോപണം നിലവിലുണ്ടായിരുന്നു. അതേക്കുറിച്ച് അന്വേഷണക്കമ്മീഷനെ ഫാ. ഡിസൂസ നിയോഗിക്കുകയും ചെയ്തിരുന്നു. ഹലാമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കുകയും ചെയ്തിരുന്നു. അതിന്റെ അടുത്ത ദിവസം ഹാപ്പി മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്.

ഭാരതീയ ജനതാപാര്‍ട്ടിയാണ് ത്രിപുര ഭരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.