ഉഗാണ്ട: ക്രൈസ്തവ അധ്യാപകനെ തട്ടിക്കൊണ്ടുപോയി മോസ്ക്കില്‍ വച്ച് തീ കൊളുത്തി

ഉഗാണ്ട: ക്രൈസ്തവ അധ്യാപകനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മോസ്‌ക്കിനുള്ളില്‍ വച്ച് സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഒടുവില്‍ തീകൊളുത്തുകയും ചെയ്തു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട അധ്യാപകന്‍ ഇപ്പോള്‍ ചികിത്സയിലാണ്..

ക്രിസ്തുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിച്ചതും മുസ്ലീമായിരുന്ന ഇദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതുമാണ് ആക്രമണത്തിന് കാരണം. യൂസുഫു വാന്‍ജെ എന്ന വ്യക്തിയാണ് അക്രമത്തിന് ഇരയായത്. ഈ വര്‍ഷാരംഭത്തിലായിരുന്നു ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത്. സ്‌കൂളിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചുനല്കുന്ന ഒരു മുസ്ലീം ബിസിനസുകാരനാണ് ഈ അധ്യാപകന്‍ സ്‌കൂള്‍ ഓഫീസിലിരുന്ന് ഈശോയോട് പ്രാര്‍ത്ഥിക്കുന്നത് കേട്ടത്.

ഏപ്രില്‍ രണ്ടിനാണ് ആക്രമണം ഉണ്ടായത്. ഇതിന് മുമ്പു തന്നെ ഇദ്ദേഹത്തിന് ജോലി ന്ഷ്ടമായിരുന്നു. ബുഗിരി പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു. ക്രിസ്തുവിശ്വാസം രഹസ്യമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും വെള്ളിയാഴ്ചകളിലെ മുസ്ലീം പ്രാര്‍ത്ഥനയില്‍ തുടര്‍ച്ചയായി താന്‍ പങ്കെടുക്കാതിരുന്നത് സഹഅധ്യാപകര്‍ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്കിയെങ്കിലും താന്‍ വീട്ടിലിരുന്നുപ്രാര്‍ത്ഥിക്കുന്നുണ്ടെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. എന്നാല്‍ ഈശോയുടെ നാമം വിളിച്ചപേക്ഷിക്കുന്ന അധ്യാപകന്റെ പ്രാര്‍ത്ഥന ഒരാള്‍ റിക്കാര്‍ഡ് ചെയ്യുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.

പിന്നീടാണ് സംഘടിതമായി ആക്രമണമുണ്ടായത്. അപകടനില തരണം ചെയ്തുവെങ്കിലും യൂസുഫു ഇപ്പോഴും ചികിത്സയിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.