ശ്രീലങ്കയിലേക്ക് സമാധാനത്തിന്റെ ദൗത്യവാഹകരെ അയ്ക്കാന്‍ കര്‍ദിനാള്‍ ഗ്രേഷ്യസും മൗലാന മുഹമ്മദും


മുംബൈ: ക്രൈസ്തവ മതവിദ്വേഷത്തിന്റെ ജ്വാലകള്‍ മുസ്ലീം ചാവേറുകളായി പൊട്ടിത്തെറിച്ച ശ്രീലങ്കയിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായി ഒരു മതാന്തരസംവാദകനെ അയ്ക്കാന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും മൗലാന മുഹമ്മദും സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു. സിബിസിഐ പ്രസിഡന്റാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്ലീം തിയോളജിയന്‍സിന്റെ ജനറല്‍ സെക്രട്ടറിയാണ് മൗലാന മുഹമ്മദ്.

ഇരുവരും ഒപ്പുവച്ച പ്രസ്താവനയില്‍ ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തെ ശക്തമായി അപലപിച്ചു.

സമൂഹത്തിലെ തിന്മകളെ ഇല്ലായ്മ ചെയ്യുക എന്നതാണ് എല്ലാ മതനേതാക്കളുടെയും പ്രഥമവും പ്രധാനവുമായ ദൗത്യം. നിഷ്‌ക്കളങ്കരായ ആളുകളാണ് ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സമാധാനം നഷ്ടമായി. ശ്രീലങ്ക ഞങ്ങളുടെ അയല്‍രാജ്യമാണ്. അവിടെ അക്രമത്തിന്റെ ഇരകളായവരെ സഹായിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. ഉയര്‍ന്ന തലത്തിലുള്ള വിവിധ മതവിശ്വാസങ്ങളുടെ പ്രതിനിധികളെ സമാധാനശ്രമത്തിനായി അയ്ക്കുന്നതില്‍ ഞങ്ങള്‍ സന്നദ്ധരാണ്.

ലോകമെങ്ങുമുള്ള ഭരണകൂടങ്ങളും നിയമവ്യവസ്ഥകളും ഭീകരതയ്‌ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ഭീകരതയ്‌ക്കെതിരെ പോരാടാനും ആഗോള സമാധാനം നിലനിര്‍ത്തുവാനുമുള്ള തങ്ങളുടെ ശ്രമങ്ങള്‍ തുടരുമെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരും ഒപ്പിട്ട പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.