ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം പിന്‍വലിച്ചു


ന്യൂഡല്‍ഹി: ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ അടിസ്ഥാനമില്ലാത്തതും അപമാനകരവുമായ അഭിപ്രായപ്രകടനം നടത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വൈദ്യനാഥന്‍ നടത്തിയ അഭിപ്രായപ്രകടനം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു പ്രഫസര്‍ക്കെതിരായ ലൈംഗിക ആരോപണത്തിന്മേല്‍ കോളജ് മാനേജ്‌മെന്റ് സ്വീകരിച്ച അച്ചടക്ക നടപടിയില്‍ വിധി പ്രസ്താവിക്കവെയാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ജസ്റ്റീസ് വൈദ്യനാഥന്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ ഉന്നയിച്ചത്.

രാജ്യത്തെ ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെണ്‍കുട്ടികള്‍ക്ക് തീര്‍ത്തും സുരക്ഷിതമല്ലെന്നും നിര്‍ബന്ധിതമതപരിവര്‍ത്തനം അവിടെ നടക്കുന്നുണ്ടെന്നും ആരാധനാലയങ്ങളില്‍ അനുഷ്ഠിക്കേണ്ട മതം വഴിയോരങ്ങളിലെത്തിയാല്‍ ഇത്തരത്തിലുള്ള തകര്‍ച്ചകള്‍ ഉണ്ടാകും എന്നുമായിരുന്നു അദ്ദേഹം വിധിയില്‍ പ്രസ്താവിച്ചത്.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ക്രൈസ്തവരെ പൊതുവായി താറടിക്കുന്ന വിധത്തിലുള്ള ഇത്തരം പരാമര്‍ശം ഉന്നത സ്ഥാനീയനായ ഒരു വ്യക്തി നടത്തിയത് പരക്കെ നടുക്കവും അമ്പരപ്പുമുളവാക്കിയിരുന്നു. രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റീസ് വൈദ്യനാഥന്‍ പരാമര്‍ശം പിന്‍വലിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.