ബാല ലൈംഗിക പീഡകര്‍ക്ക് വധശിക്ഷ; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഭാരതസഭ

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കുമെന്ന ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനത്തെ ഒരിക്കലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ഭാരത കത്തോലിക്കാ സഭ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് ജൂലൈ 10 നാണ് ചരിത്രപരമായ ഈ തീരുമാനം കൈക്കൊണ്ടത്. കുട്ടികളുടെ സുരക്ഷിതത്വവും മാന്യതയും മാനിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെയാണ് വധശിക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചുകുട്ടികള്‍ക്കെതിരെയുള്ള പീഡനം രാജ്യവ്യാപകമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്. ഇതിനെതിരെയാണ് ഭാരതസഭയുടെ പ്രതികരണം.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട് പ്രോലൈഫ് ആണെന്നും ജീവന്‍ ദൈവികദാനമായിട്ടാണ് പരിഗണിക്കുന്നതെന്നും രാജ്‌ക്കോട്ട് ബിഷപ് ജോസ് ചിറ്റൂപ്പറമ്പില്‍ പറഞ്ഞു. ഏതുതരം കുറ്റകൃത്യത്തിനും വധശിക്ഷ പരിഹാരമല്ല. കൊടുംകുറ്റവാളിയില്‍ പോലും മാനസാന്തരവും പശ്ചാത്താപവുമാണ് സഭ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരു ദിവസം അമ്പതിലധികം കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുവെന്നാണ് നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.