കോണ്‍വെന്റ് സ്‌കൂള്‍ ആക്രമണം, ക്രൈസ്തവ വനിതാ സംഘടന അപലപിച്ചു


മുംബൈ:തമിഴ്‌നാട്ടിലെ ചിന്നസേലത്തിലെ ലിറ്റില്‍ ഫഌവര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ദ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമന്‍സ് മൂവ്‌മെന്റ് അപലപിച്ചു. മാര്‍ച്ച് 25,26 തീയതികളിലാണ് ലിറ്റില്‍ ഫഌവര്‍ ഹയര്‍സെക്കന്ററി സ്‌കൂളിനും ഇമാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി കോണ്‍വെന്റിനും നേരെ 200 പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണം നടന്നത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തോട് അനുബന്ധിച്ചായിരുന്നു ആക്രമണം.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അക്രമത്തോട് അനുബന്ധിച്ച് സ്‌കൂളിനും കോണ്‍വെന്റിനും സംഭവിച്ചിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക് സംഗ് പ്രവര്‍ത്തകരായിരുന്നു അക്രമം അഴിച്ചുവിട്ടത്.

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഖേദിക്കുന്നുവെന്നും കുട്ടിയുടെ മാതാപിതാക്കളെ സംബന്ധിച്ച് അത് വലിയൊരു നഷ്ടമാണെന്നും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ട വനിതാ സംഘടന അക്രമത്തിന്റെ പേരില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തണണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ സിബിസിഐ യും വേദനയും രോഷവും പ്രകടിപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതരോടുള്ള ഐകദാര്‍ഢ്യവും സിബിസിഐ വ്യക്തമാക്കി.

74 വര്‍ഷമായി കന്യാസ്ത്രീകള്‍ നടത്തിവരുന്ന സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.