ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നതായി സൂചനകള്‍

ന്യൂഡല്‍ഹി: ബിജെപി അധികാരത്തില്‍ രണ്ടാം തവണ വന്നതോടെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരുന്നതായി സൂചനകള്‍. ഹൈന്ദവതീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് പുതിയ രീതിയിലുള്ള ആക്രമണങ്ങളാണ് ക്രൈസ്തവര്‍ നേരിടുന്നതെന്ന് ഇന്ത്യന്‍ ചാപ്റ്റര്‍ ഓഫ് ദ അലയന്‍സ് ഡിഫെന്‍ഡിംങ് ഫ്രീഡത്തിന്റെ വക്താവും ക്രൈസ്തവ നേതാവുമായ എ സി മൈക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇതിലേക്കായി ചില യാഥാര്‍ത്ഥ്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മെയ് 30 ന് നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ് ത ദിവസം തന്നെ ഉത്തര്‍പ്രദേശില്‍ സുവിശേഷപ്രഘോഷകനെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചത് ജൂണ്‍ രണ്ടിന് മഹാരാഷ്ട്രയില്‍ ഞായറാഴ്ചയിലെ പ്രാര്‍ത്ഥനാ സമ്മേളനം തടസപ്പെടുത്തിക്കൊണ്ട് സുവിശേഷപ്രഘോഷകന് നേരെ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണം നടക്കുകയുണ്ടായി. ഉത്തര്‍പ്രദേശില്‍ നൂറ്റമ്പത് പേര്‍ വരുന്ന ഒരു സംഘം സുവിശേഷപ്രഘോഷകനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോകുകയും പിന്നീട് ഗ്രാമത്തലവന്മാരുടെ ഇടപെടലോടെ മോചിപ്പിക്കുകയും ചെയ്ത സംഭവം നടന്നതും ഉത്തര്‍പ്രദേശിലാണ്.

ഇവയൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നും ക്രൈസ്തവര്‍ക്ക്‌നേരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന്റെ ഭാഗമാണ് എന്നും സോഷ്യല്‍ ആക്ടിവിസ്റ്റ് പീറ്റര്‍ സോണി വ്യക്തമാക്കി. ഹിന്ദുമൗലികവാദികളുടെ വിശ്വാസം ക്രൈസ്തവരും മുസ്ലിങ്ങളും ഇന്ത്യക്കാരല്ല എന്നാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍ ഡോര്‍സിന്റെ സര്‍വ്വേപ്രകാരം മതപീഡനത്തിന്റെ കാര്യത്തില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.