അജ്‌നയുടെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു

വരാപ്പുഴ: കാന്‍സറുമായി നിരന്തര പോരാട്ടം നടത്തി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ അജ്‌ന ജോര്‍ജിനെ വിശുദ്ധരുടെ പട്ടികയിലേക്ക് ചേര്‍ക്കാനുള്ള നാമകരണനടപടികള്‍ ഉടനടി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ജീവിതത്തിന്റെ അവസാന നിമിഷം വരെ ദിവ്യകാരുണ്യത്തെ സ്‌നേഹിച്ചിരുന്ന അജ്‌നയുടെ ജീവിതം വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ജീവിതവുമായി അസാമാന്യമായ വിധത്തില്‍ ബന്ധമുള്ളതാണ്. ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോല എന്നാണ് അജ്‌നയെ അടുത്തറിയാവുന്നവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

2022 ജനുവരി 21 27 ാം വയസിലായിരുന്നു അജ്‌നയുടെ അന്ത്യം. സാമൂഹ്യമാധ്യമങ്ങളില്‍ അജ്‌നയുടെ ജീവിതവും മരണവും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അജ്‌നയുടെ നാമകരണനടപടികള്‍ രൂപതാതലത്തില്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വൈദികരും അല്മായരും അടങ്ങുന്ന നിരവധി പേര്‍ വ്യക്തിപരമായും ഗ്രൂപ്പായും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ വിശുദ്ധജീവിതം നയിച്ചിരുന്നതെന്ന് പരക്കെ അറിയപ്പെടുന്ന വ്യക്തി മരിച്ചുകഴിഞ്ഞ് മിനിമം അഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കാനാവു എന്നതാണ് പൊതുനിയമം.

അപൂര്‍വ്വമായി മാത്രമേ ഈ നിയമം ലംഘിക്കപ്പെടാറുള്ളൂ. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെയും മദര്‍ തെരേസയുടെയും കാര്യത്തില്‍ ഈ നിയമം ഒഴിവാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അജ്‌നയുടെ നാമകരണനടപടികള്‍ ഉടനടി ആരംഭിക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്.

എങ്കിലും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ അനൗദോഗ്യികതലത്തില്‍ അജ്‌നയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണം ആരംഭിച്ചുകഴിഞ്ഞു. നിരവധി സാക്ഷ്യങ്ങളും മരണത്തിന് ശേഷം ലഭിച്ചിട്ടുണ്ട്. അജ്‌നയുടെ ജീവിതത്തെ ആസ്പദമാക്കി ഇതിനകം രണ്ടു പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്.

നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ തൊട്ടയല്‍വക്കത്തായി ഒരു വിശുദ്ധ ജീവിച്ചിരുന്നു എന്ന് അറിയുന്നത് തന്നെ എത്രയോ സന്തോഷകരമായ കാര്യമാണ്. അജ്‌നയുടെ നാമകരണനടപടികള്‍ ആരംഭിക്കാനായി നമുക്കും പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.